![](/wp-content/uploads/2021/10/police-4.jpg)
തിരുവനന്തപുരം :ലോഡ്ജില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. പൊലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജില്‍ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം നടന്നത്. ലോഡ്ജിലെ 104-ാം നമ്പര്‍ മുറിയില്‍ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും സിറ്റി നാര്‍കോട്ടിക്‌സ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കള്‍ പൊലീസുകാര്‍ക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളത്തിനിടെ രണ്ടുപേര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പടക്കമേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Read Also : ക്രെയിൻ ഉപയോഗിച്ച് പൊക്കിയിട്ടും വാൽ നിലത്ത് തന്നെ: വൈറലായി കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോ
അതേസമയം, ഇവരിൽ നിന്നും അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments