അഹമ്മദാബാദ് : വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനെന്ന പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി. സംഭവത്തിൽ രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. വൃക്ക നീക്കം ചെയ്ത് 4 മാസങ്ങൾക്ക് ശേഷം രോഗി മരണപ്പെടുകയായിരുന്നു.
ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിനാണ് ഈ ദുർവിധിയുണ്ടായത്. കടുത്ത നടുവേദനയ്ക്കും മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടും കാരണമാണ് ഇദ്ദേഹം ബാലസിനോർ ടൗണിലെ കെഎംജി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ ശിവുഭായ് പട്ടേലിനെ കാണാൻ പോയത്. 2011 മേയിൽ നടത്തിയ പരിശോധനയിൽ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയിൽ 14 എംഎം കല്ല് കണ്ടെത്തിയിരുന്നു. തുടർന്ന് 2011 സെപ്തംബർ മൂന്നിനാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷവും ദേവേന്ദ്രഭായ് റാവലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ വെച്ച് ഇദ്ദേഹം മരണപ്പെടുകയുമായിരുന്നു. ഇതേതുടർന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ മിനാബെൻ നാദിയാഡിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
കല്ല് നീക്കം ചെയ്യുന്നതിന് മാത്രം സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിക്കുകയും, വലിയ തുക പിഴയായി ചുമത്തുകയുമായിരുന്നു.
Post Your Comments