കോട്ടയം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിന് ക്രൈംബ്രാഞ്ചിന് ഇതു വരെ ഉത്തരം കണ്ടെത്താനായിട്ടില്ല. 2017 മെയ് മാസത്തിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഹബീബ ദമ്പതിമാരെ കാണാതായത്. ഹര്‍ത്താല്‍ ദിനത്തില്‍ വൈകീട്ടോടെ ഭക്ഷണം വാങ്ങാനായി കാറില്‍ പുറപ്പെട്ട ദമ്പതിമാരെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കോട്ടയം മറിയപ്പള്ളിയിലെ പാറമടയിലാണ് തെരച്ചില്‍ നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പാറമട വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, നഗരസഭ അധികൃതര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. ഏഴ് വര്‍ഷം മുമ്പ് ചങ്ങനാശേരിയില്‍ നിന്ന് കാണാതായ മഹാദേവന്‍ എന്നയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഈ കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദമ്പതിമാരെ കാണാതായ സംഭവം ഇതിന് സമാനമാണെന്ന സംശയമാണ് മുങ്ങിത്തപ്പലിന് ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിക്കുന്നത്.
ദമ്പതിമാരെ കണ്ടെത്താനായി രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം മുതല്‍ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും യാതൊരു സൂചനയും ലഭിച്ചില്ല. തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പുതിയതായി വാങ്ങിയ രജിസ്ട്രേഷന്‍ നമ്പര്‍ പോലും ലഭിക്കാത്ത വാഗണ്‍ ആര്‍ കാറിലായിരുന്നു ഭക്ഷണം വാങ്ങാനായി ദമ്പതികള്‍ പോയത്. നഗരത്തിലേയ്ക്കെന്ന് പറഞ്ഞു പോയ ഇവരെയും കാറും പിന്നീട് ആരും കണ്ടിട്ടില്ല. മൊബൈല്‍ ഫോണോ, പേഴ്സോ എടുക്കാതെയായിരുന്നു പോയത്. പിറ്റേന്നും ഇവരെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ പിതാവ് അബ്ദുള്‍ഖാദര്‍ കുമരകം പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചെങ്കിലും യാത്രാവഴി കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇവര്‍ പോകാനുള്ള സ്ഥലങ്ങളില്‍ അടക്കം അന്വേഷണം നടത്തിയെങ്കിലും ക്രൈംബ്രാഞ്ചിനും തെളിവൊന്നും ലഭിച്ചില്ല.
സി.സി.ടി.വി കാമറകളിലൊന്നും കാര്‍ പതിഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ ഇല്ലിക്കലില്‍ നിന്ന് തിരുവാതുക്കല്‍ വഴി പാറേച്ചാലെത്താനുള്ള സാദ്ധ്യതയാണ് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടുന്നത്. പാറേച്ചാലിലൂടെ മറിയപ്പള്ളിയില്‍ എത്താം. ഈ വഴിയില്‍ സി.സി.ടി.വി കാമറകള്‍ കുറവാണ്. ആത്മഹത്യാ പ്രവണത കൂടുതലുള്ള ദമ്പതികള്‍ പാറമടക്കുളത്തിലേക്ക് കാറ് ഓടിച്ചിറക്കിയതാകാം എന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ സംശയം.
Post Your Comments