തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 23 പേരാണെന്ന് ഒദ്യോഗിക സ്ഥിരീകരണം . കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒമ്പത് പേരുമാണ് മഴക്കെടുതിയില്‍ മരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഒരു മരണവും സംഭവിച്ചു. ഉരുള്‍പൊട്ടല്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ നിന്ന് എട്ട് മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. മൂന്ന് പേരുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. പ്ലാപ്പള്ളിയില്‍ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്.
ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇടുക്കി പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ജോജോ എന്നയാളുടെ മൃതദേഹം കണ്ടെത്തി. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.
അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവാസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
Post Your Comments