തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഴ ശക്തമായതോടെ മണിമലയാറിന് കുറുകെയുള്ള കുളത്തൂർ തൂക്കുപാലം തകർന്ന് വീണു. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പാലമാണിത്. ഈ പാലമാണ് മണിമലയാറിനെയും വെള്ളാവൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.
ശക്തമായ ഒഴുക്കിനെ തുടർന്ന് വെള്ളാവൂർ ഭാഗത്തെ പാലത്തിന്റെ കൽക്കെട്ട് തകരുകയായിരുന്നു. തുടർന്നാണ് പാലം വീണത്. മണിക്കൂറുകളായി തുടരുന്ന മഴയിൽ മണിമല പ്രദേശത്ത് സ്ഥിതി രൂക്ഷമാണ്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ്. മദ്ധ്യകേരളത്തിലും സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മഴ അതിതീവ്രമായതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുകൾ സംഭവിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു.
ഇതിനോടകം ആറിലധികം പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ജില്ലകളിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തിൽ നദിക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തെക്കന്‍ ജില്ലകള്‍ക്കുപിറകെ വടക്കന്‍ മേഖലയിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളത്.അതേസമയം മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയുമുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ കാണാതായത് 12 പേരെയാണ്. . ഇടുക്കിയിലെ കൊക്കയാറില്‍ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്.
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് മേഖലയില്‍ ജലനിരിപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. കുട്ടനാട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ളവരെ താമസിപ്പിക്കുന്നതിന് ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്.
Post Your Comments