റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി അറേബ്യ. മക്ക, മദീന പള്ളികളിൽ മുഴുവൻ പേരെയും പ്രവേശിപ്പിക്കാൻ സൗദി അറേബ്യ അനുമതി നൽകി. ഞായറാഴ്ച്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. മക്കയിലും മദീനയിലും പള്ളികളിൽ ഭക്തർക്ക് ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല.
ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകളും നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കിയിട്ടുണ്ട്.
ഇനി മുതൽ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികൾക്കും സന്ദർശകർക്കും പള്ളികളിൽ പ്രവേശിക്കാം. രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാർ അധികൃതർ തീരുമാനിച്ചത്.
പുതിയ ഇളവുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധമില്ല. ഓഡിറ്റോറിയങ്ങളിൽ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments