അബുദാബി: കെട്ടിട നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് 500,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി. അബുദാബി സിവിൽ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് ഉത്തരവ്. കെട്ടിടത്തിൽ നിന്നും വീണ് നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.
38 കാരനായ ഏഷ്യക്കാരനാണ് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇനി അദ്ദേഹത്തിന് കെട്ടിട നിർമ്മാണ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിർമ്മാണ കമ്പനി തൊഴിലാളിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ കമ്പനി തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമോ ചികിത്സയ്ക്ക് ആവശ്യമായ തുകയോ നൽകിയില്ല. തുടർന്നാണ് തൊഴിലാളി കോടതിയെ സമീപിച്ചത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണെന്നും കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റതിനാൽ ഇനി അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയില്ലെന്നും തൊഴിലാളിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ച കോടതി 500,000 ദിർഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു.
Post Your Comments