തിരുവനന്തപുരം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട മധ്യവയസ്‌കയെ പ്രണയമെന്ന് നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് നായർ(44) എന്നയാളാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ 53കാരിയെ ആണ് ഇയാൾ വിവാഹം കഴിച്ചെന്ന് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത്. കൊല്ലം പോലീസ് ആണ് ഇയാളെ പിടികൂടിയത്.
വിദേശത്ത് ജോലി ചെയ്തിരുന്ന മധ്യവയസ്കയായിരുന്ന സ്ത്രീയുടെ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ഇവർ ഫേസ്‌ബുക്ക് വഴി പ്രദീപ് നായരുമായി അടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീ വിദേശത്താണ് സ്ഥിരതാമസം. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് ഇയാൾ സ്ത്രീയ്ക്ക് വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായർ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകിയത്.
വിവാഹവാഗ്ദാനത്തിൽ വിശ്വസിച്ച് സ്ത്രീ നാട്ടിലെത്തി. ഇവരെ വിശ്വസിപ്പിക്കുന്നതിനായി ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ വെച്ച് താലി കെട്ടുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടിൽവെച്ചും ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം സ്ത്രീയുടെ സ്വകാര്യ നിമിഷങ്ങൾ ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു.
അവധി കഴിഞ്ഞ് തിരിച്ച് വിദേശത്ത് ജോലിക്ക് കയറിയപ്പോഴാണ് പ്രദീപ് നായർ തട്ടിപ്പുകാരൻ ആണെന്നും ഭാര്യയും മക്കളും ഉണ്ടെന്ന വിവരവും സ്ത്രീ തിരിച്ചറിയുന്നത്. ഇതേക്കുറിച്ച് പ്രദീപ് നായരോട് ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ പ്രദീപ് നായർ, പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ്, സ്ത്രീ ഇവർക്കെതിരെ പരാതി നൽകിയത്. പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments