KannurKeralaLatest News

മൊബൈൽ പ്രേമം: യുവതിയെ തേടി കണ്ണൂരിലെത്തിയ വൃദ്ധൻ കബളിപ്പിക്കപ്പെട്ടു, ഒടുവില്‍ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിട്ടു

കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു

കണ്ണൂർ: മൊബൈൽ ഫോൺ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ കിലോമീറ്ററുകൾ താണ്ടി എത്തിയ വയോധികൻ കബളിപ്പിക്കപ്പെട്ടു. ഒടുവിൽ വൃദ്ധന് വണ്ടിക്കൂലി നൽകി പറഞ്ഞു വിട്ടത് പോലീസ്. എറണാകുളത്ത് നിന്ന് കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയെങ്കിലും യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് വയോധികൻ കുടുക്കിലായത്. എറണാകുളത്തെ ഞാറക്കലിൽ നിന്നാണ് 68കാരൻ ട്രെയിനിൽ കണ്ണൂർ കൂത്തുപറമ്പിലെത്തിയത്. എന്നാൽ തലേദിവസം വരെ ഫോണിൽ സംസാരിച്ച യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയായിരുന്നു.

ഒടുവിൽ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വയോധികൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവർ സ്റ്റേഷനിലേക്ക് വരാൻ തയ്യാറായില്ല. തനിക്ക് വയോധികനെ അറിയില്ലെന്നും, താൻ ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കണ്ണൂരിലെത്തിയതെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഒടുവില്‍ പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാല്‍ നേരിട്ട് വരാന്‍ താത്‌പര്യമില്ലെന്നും യുവതി പറഞ്ഞു.

ഇതോടെ സംഭവത്തിൽ ഇടപെട്ട പൊലീസ് വെട്ടിലാകുകയായിരുന്നു. യുവതി പറഞ്ഞ കാര്യം വയോധികനെ അറിയിച്ചെങ്കിലും മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും, യുവതിയെ കണ്ടാൽ മാത്രമെ പോകുകയുള്ളുവെന്നും ഇയാൾ അറിയിച്ചു. ഒടുവിൽ പൊലീസ് കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു. തലശേരി റെയിൽവേ സ്റ്റേഷനിൽ വരെ പോകാനുള്ള വണ്ടി കാശും നൽകിയാണ് ഇയാളെ പൊലീസ് മടക്കി അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button