തിരുവനന്തപുരം : അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഇടിയോട് കൂടിയായ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Also : സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു; അടിയന്തിര സഹായത്തിന് 112ല്‍ വിളിക്കാം
സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ ചുവന്ന അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്തു എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments