കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ഡല്‍ഹിയിലേക്ക് നാടുവിട്ടിരുന്നു. പതിനാലുകാരിയായ സഹോദരിക്കൊപ്പമായിരുന്നു പെണ്‍കുട്ടി കടന്നു കളഞ്ഞത്.
മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടി ഡല്‍ഹിയില്‍ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ഉദ്യാഗസ്ഥന് മൂന്ന് വിമാന ടിക്കറ്റുകള്‍ എടുത്ത് നല്‍കിയ ശേഷമാണ് ഡല്‍ഹിയിലേക്ക് പോയതെന്നും കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകള്‍ എടുത്തു നല്‍കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി എടുക്കുന്നത്.
കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സഹോദരന്മാര്‍ വീട്ടില്‍ വച്ച് പല തവണ പീഡിപ്പിച്ചതായി 17കാരി ഡല്‍ഹിയില്‍ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. നിലവില്‍ കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് കുട്ടികള്‍.
Post Your Comments