ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. ഡല്‍ഹിയിലെത്തി സിദ്ധുവിനൊപ്പം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.
അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധിയും ആശങ്കയും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും രാഹുല്‍ ഗാന്ധിയിലും പ്രിയങ്കയിലും വിശ്വാസമുണ്ടെന്നും സിദ്ധു പറഞ്ഞു. കോണ്‍ഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്നും സിദ്ധു വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവച്ചതിന് പിന്നാലെ പഞ്ചാബില്‍ ചരന്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. തുടര്‍ന്നായിരുന്നു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് സിദ്ധു ട്വിറ്ററിലൂടെ അറിയിച്ചത്. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്നും രാജിവയ്ക്കുകയാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിദ്ധു രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.
Post Your Comments