കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ ‘തിരുമക്കൾ’ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയകളിൽ വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. സംഭവത്തിൽ ആക്ഷേപഹാസ്യ പോസ്റ്റുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കുളത്തുപ്പുഴ അമ്പലത്തിലെ തിരുമക്കളുടെ ശവസംസ്‌കാരം നടത്തിയത് ഹിന്ദു ധർമ്മത്തിന് വിരുദ്ധമായാണെന്ന് ജോമോൾ വ്യക്തമാക്കുന്നു. ഹിന്ദു ധർമ്മത്തിന് വിരുദ്ധമാണ് എന്ന് മാത്രമല്ല, തിരുമക്കളുടെ ശവങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെറുതെ കുഴിച്ചിടുകയും ആണ് അവർ ചെയ്തത്. ഇതിലും നല്ലത് ആ മീനുകളെ കറിവെച്ച് തിന്നുന്നത് തന്നെയായിരുന്നുവെന്നും ജോമോൾ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചു.
ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
തിരുമക്കളുടെ ശവശരീരങ്ങൾ ഇങ്ങനെ മറവുചെയ്‌തതിലും നല്ലത് ആ മീനുകളെ കറിവെച്ച് തിന്നുന്നതായിരുന്നു..കുളത്തുപ്പുഴ അമ്പലത്തിലെ തിരുമക്കളുടെ ശവസംസ്‌കാരം നടത്തിയത് ഹിന്ദു ധർമ്മത്തിന് വിരുദ്ധമായാണ്. ഹൈന്ദവ ആചാരപ്രകാരം ശവങ്ങൾ കൂട്ടിയിട്ട് കുഴിച്ചുമൂടാൻ പാടില്ല. ഹിന്ദു ധർമ്മം അനുസരിച്ച് എങ്ങനെയാണ് ശവസംസ്‌കാരം നടത്തേണ്ടത്? ഹിന്ദവ വിശ്വാസം അനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനായി മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാകുന്നു, വേണമെങ്കിൽ തുറന്ന് നോക്കാം. ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു. ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു. ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു.
Also Read:കാമുകിയെ ഫോൺ ചെയ്തെന്നാരോപിച്ച് ആളുമാറി കുത്തി, യുവാവ് ഗുരുതരാവസ്ഥയിൽ
ഇനി കുഴിച്ചിടമെന്ന് നിർബന്ധമുണ്ടോ?
അപൂർവ്വം സന്ദർഭങ്ങളിൽ കത്തിക്കൽ ഒഴിവാക്കാം. പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്. ഇതെല്ലാം നിർബന്ധമാണ്, അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്. വളരെ ശാസ്ത്രീയമായ രീതിയിലാണ് ഇത് ചെയ്യേണ്ടത്. ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും. രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും. കഴിയുമെങ്കിൽ മരണം നടന്ന് പരമാവധി 5 മണിക്കൂറിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്. ശവം എടുക്കുന്നവർ ആദ്യം കുളിക്കണം. എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം. കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം. അപ്പോൾ ആകെ വേണ്ടത് 3 കുളി. ഇപ്പോൾ ചിലര്‍ ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം, വേണമെങ്കിൽ ചെയ്താൽ നന്ന്, കാരണം ഇത് മത നിയമമല്ലല്ലോ? ധർമ്മമല്ലെ.!! ഇതൊക്കെകൊണ്ടുതന്നെയാണ് ഞാൻ പറഞ്ഞത്, കുളത്തുപ്പുഴ അമ്പലത്തിലെ തിരുമക്കളുടെ ശവം മറവു ചെയ്തത് ഹിന്ദു ധർമ്മത്തിന് വിരുദ്ധമായാണ് എന്ന്. ഹിന്ദു ധർമ്മത്തിന് വിരുദ്ധമാണ് എന്ന് മാത്രമല്ല, തിരുമക്കളുടെ ശവങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെറുതെ കുഴിച്ചിടുകയും ആണ് അവർ ചെയ്തത്. ഇതിലും നല്ലത് ആ മീനുകളെ കറിവെച്ച് തിന്നുന്നത് തന്നെയായിരുന്നു..
Post Your Comments