KeralaLatest NewsNews

മത്സ്യങ്ങൾ എങ്ങനെയാണ് ‘തിരുമക്കൾ’ ആയത്, ആരെയും വേദനിപ്പിക്കാതെയാണ് പൂജാവിധി പ്രകാരം സംസ്കരിച്ചതെന്ന് നാട്ടുകാർ

കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ ‘തിരുമക്കൾ’ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയകളിൽ വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. ‘Voice Of Punalur പുനലൂരിന്റെ ശബ്ദം’ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതേ കുറിച്ചുള്ള പോസ്റ്റും ചിത്രങ്ങളും പങ്കുവച്ചിരുന്നത്. പോസ്റ്റിനെതിരെ ആക്ഷേപഹാസ്യമായ കമന്റുകളും പരിഹാസ ട്രോളുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

‘കുളത്തൂപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രകടവിൽ തിരുമക്കൾ എന്നപേരിൽ വിശ്വാസം അർപ്പിച്ചു ഭക്തിപൂർവ്വം സംരക്ഷിച്ചു വരുന്ന തിരുമക്കൾ എന്നറിയുന്ന ക്ഷേത്ര മൽസ്യങ്ങൾ കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ക്ഷേത്ര പരിസരത്തിലെ കല്ലുകെട്ടുകൾക്കിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ടുപോയ തിരുമക്കളെ ക്ഷേത്ര ആചാരപ്രകാരം പൂജാവിധികളോടെ ഇന്ന് രാവിലെ സംസ്കരിച്ചു’, എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിനെതിരെ രംഗത്ത്ചി വരുന്നവരെല്ലാം ‘മീനിനെ പാകം ചെയ്ത് കഴിക്കേണ്ടതിനു പകരം കുഴിച്ചുമൂടി’ എന്ന കമന്റുകളാണ് പങ്കുവെയ്ക്കുന്നത്. എന്നാൽ, ആരെയും വേദനിപ്പിക്കാതെ നടത്തിയ ഈ പ്രവർത്തിയെ ഇങ്ങനെ പരിഹസിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരും ഉണ്ട്.

Also Read:ഫേസ്ബുക്ക് രഹസ്യ കരിമ്പട്ടിക: ഇസ്ലാമിസ്റ്റ്, ഖാലിസ്ഥാനി, മാവോയിസ്റ്റുകളുൾപ്പെടെ 4,000 ‘അപകടകരമായ സംഘടനകൾ’ -ലിസ്റ്റ്

‘ഒരു ചെറിയ നാട്. അവിടത്തെ ജനങ്ങളുടെ വിശ്വാസം. അതിനെ ആക്ഷേപിക്കണ്ട കാര്യമുണ്ടോ?’ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, ‘നാളെ മീനിനേം ദൈവം ആക്കി.. മീൻ വില്പനക്കാരനെ തല്ലികൊല്ലുന്നതും കാണേണ്ടി വരുമോ’ എന്നാണു മറ്റൊരാൾ ഇതിനു നൽകിയ മറുപടി. സംഭവത്തിൽ ക്ഷേത്രവുമായി ചേർന്ന് പ്രവർത്തിച്ചവർക്ക് ചിലത് പറയാനുണ്ട്. ഇത് ആദ്യ സംഭവമല്ലെന്നും അത് ക്ഷേത്രവുമായും അതിനെച്ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസികളുമായും മാത്രം ബന്ധപ്പെട്ട കാര്യമാണെന്നും ഏറെക്കാലം ക്ഷേത്രത്തിന്റെ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്ന ജയചന്ദ്രൻ പിള്ള വ്യക്തമാക്കുന്നു. ആരെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും ഇതിൽ ഇല്ലെന്നും വിശ്വാസപ്രകാരം അങ്ങനെ ചെയ്യുന്നുവെന്ന് മാത്രമാണെന്നും ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.

ഇത്തരം പ്രവൃത്തിക്ക് പിന്നിൽ ഒരു കഥയുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘അയ്യപ്പനെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി എത്തിയ ഒരു ജലകന്യകയുണ്ടായിരുന്നു. എന്നാൽ, അയ്യപ്പൻ, ആ ജലകന്യകയുടെ വിവാഹാഭ്യർത്ഥന നിരസിച്ചു. വിവാഹാഭ്യർത്ഥന നിരസിച്ചുവെങ്കിലും ജലകന്യകയെ മത്സ്യമായി തുടരാൻ അയ്യപ്പൻ അനുവദിച്ചു. തന്നെ കാണാനെത്തുന്ന ഭക്തജനങ്ങൾ അവളെ കൂടി കാണും എന്ന് അയ്യപ്പൻ ഉറപ്പ് നൽകി. ആ മത്സ്യങ്ങളെയാണ് ‘തിരുമക്കൾ’ എന്ന് വിളിക്കുന്നത്. ഇപ്പോൾ ചെയ്ത ഈ പ്രവർത്തിയെ ട്രോളുന്നവർ കൂടുതലും ചെറുപ്പക്കാർ ആണ്. അവരെയും തെറ്റ് പറയാനാവില്ല. അവർ അവരുടെ കാഴ്ച്ചപ്പാട് വച്ച് ട്രോളുകളും പരിഹസിക്കുകയും ചെയ്യുന്നു. ‘തിരുമക്കൾ’ എന്ന ഗണത്തിൽ പെടുന്ന മത്സ്യങ്ങളെ മാത്രമേ അത്തരം പൂജാവിധികളോടെ അടക്കാറുള്ളൂ’, ജയചന്ദ്രൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button