കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവിച്ച് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്.
ഉത്ര മരിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. കേരളം ഏറെ നാളായി കാത്തിരുന്ന കേസായിരുന്നതിനാൽ കോടതിയിൽ വൻ ജനാവലി തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിർവികാരനായാണ് സൂരജ് വിധി കേട്ടത്. യാതൊരു ഭാവവ്യത്യാസവും പ്രതിക്ക് ഉണ്ടായിരുന്നില്ല. വിചിത്രവും പൈശാചികവും ദാരുണവും എന്നാണ് ഉത്രാ കൊലപാതകത്തെ കുറിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയോട് പറഞ്ഞത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് വാദിച്ച പ്രോസിക്യൂഷന്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ചു. തുടര്‍ന്നാണ് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.
സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 കൊലപാതകം, 307 വധശ്രമം, 328 വിഷമുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരിനെതിരെയുള്ള കുറ്റങ്ങള്‍.
2020 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭര്‍തൃവീട്ടില്‍ വച്ച് മാര്‍ച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എസി മുറിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സുരേഷ് മാപ്പു സാക്ഷിയാണ്.
Post Your Comments