ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തി ഭീകരവാദത്തിന്റെയും മതമൗലിക വാദത്തിന്റെയും ഉറവിടമാകുന്നത് തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശികമായും അന്താരാഷ്‌ട്ര പരമായും ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജി-20 അസാധാരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വെര്‍ച്വലായാണ് പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.
ജി20 ഉച്ചകോടി അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. താലിബാന്‍ ഭരണത്തില്‍ അഫ്‌ഗാനിലെ മാനുഷിക സാഹചര്യങ്ങള്‍, ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
ആ രാജ്യത്ത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യ-അഫ്ഗാന്‍ തമ്മിലെ സാമൂഹികവും സാമ്പത്തികവുമായി നിലനില്‍ക്കുന്ന ബന്ധത്തെ ഊന്നിപ്പറഞ്ഞ മോദി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ അഫ്ഗാനിലെ സ്‌ത്രീകളുടെയും യുവാക്കളുടെ സമൂഹിക-സാമ്പത്തിക ശേഷി വികസനത്തിന് വലിയ പങ്ക് വഹിച്ചതായും ഓര്‍മ്മിപ്പിച്ചു. ഏതാണ്ട് 500ലധികം പ്രൊജക്‌ടുകളാണ് ഇന്ത്യ അഫ്ഗാനില്‍ നടപ്പാക്കിയത്.
അഫ്ഗാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിശപ്പും പോഷകക്കുറവും എത്രയെന്ന് ഇന്ത്യ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്‌ട്ര സമൂഹം എത്രയും വേഗം ശ്രദ്ധ തിരിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രദേശത്ത് നിലനില്‍ക്കുന്ന തീവ്രവാദം, മതമൗലികവാദം, മയക്കുമരുന്ന് കളളക്കടത്ത് എന്നിവയൊക്കെ രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിന്റെയും ഇവക്കെതിരെ ഒന്നിച്ച് മുന്നേറേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയില്‍ യു.എന്‍. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയം അഫ്ഗാനില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൂടാതെ അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയമായ ഒത്തുതീര്‍പ്പിലെത്തിച്ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.
Post Your Comments