രാജ്യമെങ്ങും വിജയ ദശമി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണ് ഉള്ളത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ദുര്‍ഗ്ഗാഷ്ടമി നാളില്‍ പൂജവയ്ക്കാറുണ്ട്. മിക്ക വീടുകളിലും പൂജവെപ്പ് നടത്താറുണ്ട്. വീട്ടില്‍ പൂജവെക്കുമ്പോള് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ അറിയാം.
ദേവീ ചൈതന്യം കുടികൊള്ളുന്ന ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. നിത്യേന പൂജ നടക്കുന്ന ഇടങ്ങൾ ആയതുകൊണ്ട് ക്ഷേത്രങ്ങളിൽ പ്രത്യേക ഒരുക്കങ്ങൾ ആവശ്യമില്ല. എന്നാൽ വീടുകളില്‍ സാഹചര്യം അങ്ങനെ അല്ല. വിളക്ക് വച്ച് ഈശ്വരാരാധന നടത്തുന്നുണ്ടെങ്കിലും വീടുകളിൽ ദേവീ ചൈതന്യത്തെ ആവാഹിക്കുകയോ നിത്യപൂജകള്‍ നടത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ പൂജവെക്കുന്നസമയത്ത് ദേവീചൈതന്യത്തെ ആവാഹിക്കുകയും ആരാധനയ്ക്കായി ഇരിപ്പിടം ഒരുക്കുകയും വേണം. വെറും തറയില്‍ പൂജവെക്കാന്‍ പാടില്ല.നിലത്ത് പട്ടോ മരപ്പലകയോ വിരിച്ച് വേണം പൂജവെപ്പിനുള്ള പീഠം ഒരുക്കാന്‍. പൂജാമുറിയിലോ വീടിന്റെ ഈശാന കോണായ വടക്കു കിഴക്ക് ഭാഗത്തോ പൂജ വെയ്ക്കാം. പൂജവെക്കാനുദ്ദേശിക്കുന്ന ഇടം തുളസീതീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം. പൂജാമുറിക്ക് പുറത്താണെങ്കില്‍ ചാണകവെള്ളം തളിച്ചും ശുദ്ധമാക്കാം.
സരസ്വതീ ദേവിയുടെ ചിത്രം വച്ചതിനു ശേഷം അതിനു മുൻപിലായി പൂജയ്ക്ക് വെക്കുന്ന വസ്തുക്കള്‍ ഒരുക്കണം. ദേവിയുടെ ഇടതുഭാഗത്തായി പ്രഥമസ്ഥാനം നല്കി ഗണപതിയെയും വലതു ഭാഗത്ത് ഇഷ്ടദേവതയേയും പ്രതിഷ്ധിക്കാം. പൂജവെക്കുന്ന സ്ഥലം പൂക്കളാല്‍ അലങ്കരിക്കുന്നതും പൂമാലചാര്ത്തുന്നതും ഉത്തമമായിരിക്കും. ഗണപതിയേയും സരസ്വതിയേയും ഇഷ്ടദേവതയേയും മനസ്സില്‍ ധ്യാനിച്ച് ഒരു പിടി പുഷ്പം പൂജ വയ്ക്കുന്ന ആയുധങ്ങൾ പുസ്തകങ്ങൾ തുടങ്ങിയവയിൽ അര്ച്ചിച്ചതിനു ശേഷം വേണം പൂജവെക്കാന്‍. അവല്, മലര്, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, എന്നിവ കൊണ്ട് നിവേദ്യമര്‍പ്പിച്ച ശേഷവും പൂജവെക്കാം.
വിജയദശമീ ദിവസം രാവിലെ കുളിച്ചു ശുദ്ധമായ ശേഷം പൂജയ്ക്കുവെച്ച ഉപകരണങ്ങളില്‍ ചന്ദനം ചാര്‍ത്തണം. പൂജയെടുത്തതിനു ശേഷം മണലിലോ അരിയിലോ ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന് ഭക്തിയോടെ എഴുതണം. അതിന് ശേഷം പുസ്തകം പൂജവെച്ചവര് അതിന്റെ ഒരുഭാഗം വായിക്കണം. മുതിര്‍ന്നവര്‍ക്ക് പുണ്യഗ്രന്ഥങ്ങള്‍ പകുത്തു വായിക്കാം. ഉപകരണങ്ങള്‍ പൂജവെച്ചവര് ദേവിയ്ക്കു മുന്നില്‍ വെച്ചു തന്നെ ഭക്ത്യാദരപൂര്‍വ്വം അവ ഉപയോഗിക്കുക.
Post Your Comments