ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞു വന്ന പാക് ഭീകരൻ അറസ്റ്റിൽ. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍നിന്നും 40കാരനായ മുഹമ്മദ് അഷ്റഫ് എന്ന അലിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും എ.കെ 47 തോക്ക്, വെടിയുണ്ടകള്‍, ഗ്രനേഡ്, രണ്ടു കൈത്തോക്കുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
read also: ബന്ധുക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധമുള്ളയാളാണ് പഞ്ചാബ് പ്രവിശ്യ സ്വദേശിയായ അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. ഇയാള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തി പത്ത് വര്‍ഷമായി ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഡല്‍ഹിയിൽ സ്ഥിരതാമസമായിരുന്നതായി പൊലീസ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പ്രമോദ് സിങ് കുശാവാഹ പറഞ്ഞു.
താമസ സ്ഥലം ഇടയ്‌ക്കിടെ മാറുന്ന ഇയാള്‍ ഇന്ത്യയിൽ നിന്നും വിവാഹം കഴിച്ചതായും പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് അലി പിടിയിലായത്. സ്കൂള്‍ പഠനശേഷം ആറുമാസം ഐ.എസ്.ഐ പരിശീലനം നേടിയശേഷമാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments