കൊല്ലം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് നാലുവര്‍ഷം. 2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഹരികുമാര്‍-മീന ദമ്പതികളുടെ മകനാണ്. ശില്‍പയാണ് ഏക സഹോദരി.
നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുമ്പോഴും വൈശാഖിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ഭീകരരുമായി ഏറ്റമുട്ടലില്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു ജൂനിയര്‍ കമാന്‍ഡന്റ് ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
വൈശാഖിന്റെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വര്‍ഷം ഇത്രയധികം സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്. പഞ്ചാബ് സ്വദേശികളായ സുബേധര്‍ ജസ്വീന്ദര്‍ സിംഗ്, മന്‍ദീപ് സിംഗ്, ഗഡ്ഡന്‍ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.
Post Your Comments