തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ തുടങ്ങിയവ സാധ്യതയുള്ള മലയോര പ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേരളം, കര്‍ണാടക, തീരങ്ങളിലും, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, കന്യാകുമാരി മാലിദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നാളെയും മറ്റന്നാളുമായി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 13ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, 14ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
13ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, 14ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, 15ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments