ഭോപ്പാല്‍ : എഞ്ചിനീയര്‍ എഴുതിയ വിചിത്രമായ അവധി അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . മധ്യപ്രദേശിലെ സര്‍ക്കാര്‍ സര്‍വീസിലെ എഞ്ചിനീയറായ രാജ്കുമാര്‍ യാദവാണ് വിചിത്രമായ കാരണം കാട്ടി ലീവിന് അപേക്ഷിച്ചത് . എന്നാൽ കാരണം പറഞ്ഞതോടെ രാജ്‌കുമാറിന് നേരിടേണ്ടി വന്നത് മറ്റൊരു നടപടിയാണ്. തന്റെ ഭൂതകാലം പറഞ്ഞുകൊണ്ടാണ് രാജ്കുമാര്‍ അവധിക്ക് അപേക്ഷിച്ചത്.
കഴിഞ്ഞ ജന്മത്തില്‍ താന്‍ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയുടെ ബാല്യകാല സുഹൃത്തായിരുന്നുവെന്നാണ് രാജ്കുമാര്‍ പറയുന്നത്. തന്റെ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മഹാഭാരതവും ഭഗവത് ഗീതയും കൂടുതലായി പഠിക്കേണ്ടതുണ്ട് . തന്റെ മനസ്സിലെ അഹംഭാവം ഇല്ലാതാക്കാനായി വീടുകള്‍ തോറും കയറി യാചിക്കണം അതിനായി എല്ലാ ഞായറാഴ്ചകളിലും അവധി അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
സന്‍സറിലെ ജന്‍പത് പഞ്ചായത്ത് സിഇഒയ്‌ക്കാണ് എംഎന്‍ആര്‍ഇജിഎ ഡെപ്യൂട്ടി എഞ്ചിനീയറായ രാജ്കുമാര്‍ യാദവ് അപേക്ഷാ കത്തയച്ചത്. എന്നാല്‍ ജന്‍പത് പഞ്ചായത്ത് സിഇഒ അപേക്ഷ നിരസിക്കുക മാത്രമല്ല, അഹംഭാവം തീര്‍ക്കാന്‍ എല്ലാ ഞായറാഴ്ചയും ജോലിക്കെത്തണമെന്നും നിര്‍ദേശിച്ചു. അഹംഭാവം ഇല്ലാതാക്കണമെന്ന നിങ്ങളുടെ തീരുമാനം ഏറെ സന്തോഷം തരുന്നതാണ് .
ഒരു വ്യക്തി പലപ്പോഴും അഹങ്കാരിയാകുകയും തന്റെ ഞായറാഴ്ചകള്‍ സ്വന്തം ഇഷ്ടാനുസരണം ചെലവഴിക്കാന്‍ കഴിയുമെന്ന് കരുതുകയും ചെയ്യുന്നു. ഈ അഹന്തയെ അതിന്റെ വേരുകളില്‍ നിന്ന് നശിപ്പിക്കുന്നത് നിങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണ്. അതിനാല്‍, ആത്മീയ പുരോഗതിക്കായുള്ള നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത് എല്ലാ ഞായറാഴ്ചയും ഓഫീസില്‍ ഹാജരാകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു – ജന്‍പാദ് പഞ്ചായത്ത് സിഇഒ പരാഗ് രാജ് എഴുതിയ കത്തില്‍ പറയുന്നു.
Post Your Comments