ദില്ലി: പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനം ഭാരതീയ സ്ത്രീകളെ നശിപ്പിക്കുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്‍പര്യമില്ലെന്നും വാടക ഗര്‍ഭപാത്രം തേടി പോവുകയാണെന്നുമാണ് മന്ത്രി പറഞ്ഞത്.
‘ഇന്ന് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ തനിക്ക് ഖേദമുണ്ട്. പക്ഷേ ഒരുപാട് ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച് കഴിയാനാണ് താല്‍പര്യം. വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്. അത് ശരിയല്ല.
പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനത്താലാണ് ഇത് സംഭവിക്കുന്നത്. ഇതിനെ പിന്തുടര്‍ന്ന് പ്രായമായ രക്ഷിതാക്കളെ ഒപ്പം താമസിപ്പിക്കാനും ആളുകള്‍ തയ്യാറാവാതെ വരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മളിന്ന് പോവുന്നത് പാശ്ചാത്യ ശൈലിയിലാണ്’, മന്ത്രി പറഞ്ഞു.
നമ്മുടെ അച്ഛനും അമ്മയും ഒപ്പം താമസിക്കുന്നതിന് തന്നെ നമ്മുക്ക് താല്‍പര്യമില്ല പിന്നയല്ലേ പ്രായമായ അവരുടെ രക്ഷിതാക്കളും എന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്ത് ഏഴുപേരില്‍ ഒരാള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. ചിലരില്‍ ഇത് പ്രകടമാകും മറ്റുചിലരില്‍ പ്രകടമാവില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. ഇന്ത്യക്കാര്‍ക്ക് അത് മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട കാര്യമില്ലെന്നും കെ സുധാകർ കൂട്ടിച്ചേർത്തു.
Post Your Comments