തിരുവനന്തപുരം: പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നം ഗൗരവമെന്ന് സൂചന. ബിജെപിയുടെ നാല് സമുന്നത നേതാക്കള്‍ ഔദ്യോഗിക ചാനല്‍ ചര്‍ച്ചാ ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പികെ കൃഷ്ണദാസ്, എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ടത്. നേരത്തെ ശോഭാ സുരേന്ദ്രൻ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍മിപ്പിച്ചായിരുന്നു ശോഭയുടെ വിമര്‍ശനം. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ശോഭയെ മാറ്റി പ്രാധാന്യം കുറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇതോടെ പാര്‍ട്ടിയുടെ ഉയര്‍ന്ന സംവിധാനമായ കോര്‍ കമ്മിറ്റിയിലെ അംഗത്വവും അവര്‍ക്കു നഷ്ടമായി. ഇതാണ് അവരെ ചൊടിപ്പിച്ചതെന്നാണ് സൂചന.
സംസ്ഥാന പ്രസിഡന്റ്, മുന്‍ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ സമിതിയാണ് കോര്‍ കമ്മിറ്റി. ഇതിനെത്തുടര്‍ന്നു കടുത്ത പ്രതിഷേധത്തിലായിരുന്ന ശോഭ ബിജെപിയുടെ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുനഃസംഘടനയെ തുടര്‍ന്ന് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധി കാരണം.
മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീറും നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നു നസീറിനെ സസ്‌പെന്‍ഡ് ചെയ്തതായി നേതൃത്വം പ്രഖ്യാപിച്ചു. ഇതോടൊപ്പം സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദന്‍ലാലിനെയും സസ്‌പെന്‍ഡ് ചെയ്തു. വിശ്രമത്തിലുള്ള മുതിർന്ന നേതാവ് പിപി മുകുന്ദനും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് അണികൾ ബിജെപി വിട്ടുപോയതായി അദ്ദേഹം ചാനൽ ചർച്ചയിൽ ആരോപിച്ചു. അതേസമയം സംഭവങ്ങളിൽ കെ സുരേന്ദ്രൻ മൗനം പാലിച്ചിരിക്കുകയാണ്.
Post Your Comments