ആലപ്പുഴ: മോതിരം പണയം വച്ചതിന്റെ രസീത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. തിരുവനന്തപുരം ആനാവൂർ കൈതകോണം വീട്ടിൽ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.
Also Read: സർക്കാർ സേവനങ്ങൾക്ക് ഇനി അപേക്ഷാ ഫീസ് വേണ്ട
കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ അനീഷ് (മാങ്ങാണ്ടി അനീഷ് -35) വാഴപ്പള്ളി പതിനാറാം വാർഡിൽ പറാൽ കുഴിപറമ്പിൽ സദാനന്ദൻ (സദൻ- 61) എന്നിവരെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം വീതം കഠിന തടവ് അനുഭവിക്കണമെന്നും അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ടി.എൻ.സീത ഉത്തരവിട്ടു. മൂന്നും നാലും പ്രതികളായ തിരുവനന്തപുരം ചിറയിൻകീഴ് ഒറ്റയാർ കുന്നുവിള വീട്ടിൽ ശശികുമാർ (51), വെളിയനാട് പഞ്ചായത്ത് മുപ്പയായ്ക്കൽ വീട്ടിൽ വർഗീസ് തോമസ് (47) എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചത്.
2008 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടങ്ങൾ നിർമ്മിക്കുന്ന കരാറുകാരനായ ജേഷ്ടനൊപ്പം സഹായിയായി നിന്നിരുന്ന സതീഷ് മേസ്തിരിപ്പണിക്കെത്തിയ അനീഷും സദാനന്ദനുമായി സൗഹൃദത്തിലായി. സതീഷിന്റെ മോതിരം സദാനന്ദന്‍ വാങ്ങി പണയം വെച്ചു. സതീഷ് പണയ രസീത് ചോദിച്ചപ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനീഷും സദാനന്ദനും ചേർന്ന് സതീഷിനെ ക്രൂരമായി മർദ്ദിച്ച ശേഷം രാമങ്കരി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പിറ്റേ ദിവസം രാവിലെയാണ് പാടത്ത് നിന്നും സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാമങ്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
Post Your Comments