കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഒരിക്കലും ഒരു ഭീഷണിയല്ലെന്നും എത്രയും വേഗം അടിച്ചമര്‍ത്തുമെന്നും താലിബാന്. അതേസമയം അവര്‍ തങ്ങള്‍ക്കൊരു തലവേദനയാണെന്നും താലിബാൻ മന്ത്രിസഭാംഗമായ സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ പലയിടത്തും ഐഎസ് തലവേദന സൃഷ്ടിക്കുകയാണെന്നും രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതില്‍ നിന്നും എത്രയും വേഗം പുറത്ത് വരാന്‍ താലിബാന് കഴിയുന്നുണ്ടെന്നും സബീഹുള്ള പറഞ്ഞു. അഫ്ഗാനിൽ താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഐഎസിന്റെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് നടന്നുവരുന്നത്.
നേരത്തെ കാബൂളിന്റെ വടക്കന്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഐഎസ് ഭീകരരെ താലിബാന് വധിച്ചിരുന്നു. ഭീകരരുടെ ഒളിയിടങ്ങള്‍ കണ്ടെത്തിയാണ് താലിബാന് ആക്രമണം നടത്തിയത്. കാബൂളിലെ ഈദ് ഗാഹിന് മുന്പിൽ താലിബാന് വക്താവ് സബിഹുള്ള മുജാഹിദ്ദീന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പള്ളിയില്‍ താലിബാന്‍കാര്‍ ഒത്തുകൂടിയപ്പോൾ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും, ഇതിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാന് ആരോപിച്ചു.
അതേസമയം വരുന്ന മൂന്ന് വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനില്‍ ഐഎസും അല്‍-ഖ്വയ്ദയും വളരെയധികം ശക്തി പ്രാപിക്കുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. താലിബാന് അധികാരം പിടിച്ചെടുത്തതോടെ ഭീകരവാദികൾ കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്നും അവര്‍ ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറുമെന്നും റിപ്പോർട്ടിൽ പായുന്നു.
Post Your Comments