ന്യൂഡല്‍ഹി : അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അനുയായിയായ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. ഗുര്‍മീതിന് പുറമെ സഹായികളായ മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരാണെന്നും പഞ്ച്ഗുള സിബിഐ കോടതി കണ്ടെത്തി. ഒക്‌ടോബര്‍ 12ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും. 2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read Also : യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്
ദേര സച്ച സൗദ തലവനായിരുന്ന ഗുര്‍മീത് റാം റഹീമിന്റെ അനുയായിയായിരുന്ന രഞ്ജിത് സിംഗ് 2002 ജൂലൈ 10 നാണ് കൊല്ലപ്പെടുന്നത്. രഞ്ജിത് സിംഗിന്റെ മകന്‍ ജഗ്‌സീര്‍ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2003 ഡിസംബര്‍ 3 ന് രഞ്ജിത് സിംഗ് വധക്കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 18 വര്‍ഷങ്ങളോളം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവില്‍ കേസില്‍ കോടതി ഇന്ന് വിധി പറയുകയായിരുന്നു.
മുന്‍ ദേര മാനേജരും കുരുക്ഷേത്രയിലെ താമസക്കാരനുമായ രഞ്ജിത് സിംഗാണ് സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്ന കത്ത് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചതെന്ന് ഗുര്‍മീത് റാം റഹിം സിംഗ് സംശയിച്ചിരുന്നുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് 2002 ജൂലൈയില്‍ രഞ്ജിത് സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. ദേര മേധാവി കൃഷന്‍ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍. സബ്ദിലിനെതിരെ ആയുധ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments