Life Style

ശരീരഭാരം കുറയ്ക്കുന്നവര്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

ദേഹത്ത് കയറിയ കൊഴുപ്പ് കുറയ്ക്കാന്‍ എളുപ്പപ്പണി വല്ലതും ഉണ്ടോ എന്ന് നോക്കുന്നവരാണ് ഏറെയും, എന്നാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തികച്ചും ഫലപ്രദമായി ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവര്‍ക്ക് ഒരു തുടക്കം നല്‍കാന്‍ ചില വഴികള്‍ ഇതാ…

1. ഭക്ഷണത്തില്‍ മധുരവും അന്നജവും കൊഴുപ്പും കുറച്ചു ശരീരത്തില്‍ എത്തിപ്പെടുന്ന കലോറിയുടെ അളവ് കുറയ്ക്കുക. ശരീരത്തിന്റെ ആവശ്യത്തിനപ്പുറം വരുന്ന മധുരവും കൊഴുപ്പുമെല്ലാം വിവിധഭാഗങ്ങളില്‍ കൊഴുപ്പായി അടിഞ്ഞു കൂടുകയാണ് ചെയ്യുക. ഭൂരിപക്ഷം പേരിലും അന്നജവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡും സ്വീറ്റ്‌സുമൊക്കെയാണ് ഇവിടെ പ്രധാന വില്ലനായി വരുന്നത്. അത് പരിധിക്കുള്ളിലാക്കിയാല്‍ തന്നെ ആദ്യത്തെ സ്റ്റെപ്പ് വിജയിച്ചു.

2. ഭക്ഷണം വലിയ അളവില്‍ രണ്ടോ മൂന്നോ തവണയായി കഴിക്കുന്നതിനു പകരം അഞ്ചോ ആറോ ചെറിയ മീലുകള്‍ ആയി കഴിക്കുന്നത് വിശപ്പ് നിയന്തിക്കുന്നതിനും, ശരീരത്തിന് തുടര്‍ച്ചയായി ഊര്‍ജ്ജം ലഭിക്കുന്നതിനും സഹായിക്കും. വിശക്കാതെയും നേരമെത്താതെയും കൊറിച്ചു കൊണ്ടിരിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക. ഒരു ചടങ്ങ് പോലെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നവര്‍ വിനോദമായാണ് ഭക്ഷണം കഴിക്കുന്നതിനെ കാണുന്നത്. ഈ പ്രവണത ഒഴിവാക്കിയാല്‍ അമിത വണ്ണം കുറയ്ക്കാനാകും.

3. തീന്മേശയില്‍ ‘നോ’ പറയാന്‍ ശീലിക്കുക. സ്ഥിരമായി വീട്ടില്‍ നിന്ന് കഴിക്കുന്നവരായാലും സ്ഥിര യാത്രക്കാര്‍ ആയിരുന്നാലും ആവശ്യത്തിനു മാത്രം കഴിക്കാനും അതിനപ്പുറം കഴിക്കാതിരിക്കാനും പരിശീലിക്കാം. എത്ര സ്‌നേഹത്തിന്റെയും കരുതലിന്റെയും പുറത്താണെങ്കിലും ആവശ്യത്തിലേറെ ഭക്ഷണം കഴിക്കാതെ നോക്കുക. പ്ലേറ്റില്‍ സാലഡുകളും മറ്റും ആദ്യം തന്നെ എടുത്ത് കഴിച്ച് തുടങ്ങിയാല്‍ അന്നജവും കൊഴുപ്പും അടങ്ങിയ മറ്റ് ഭക്ഷണം അളവിനുള്ളില്‍ നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിക്കാറുണ്ട്, ഈ വിദ്യയും പരീക്ഷിക്കാം.

4. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണിക്കുന്നുണ്ടോ എന്നതല്ല, ശരീരത്തിന് ശാസ്ത്രീയമായി ആവശ്യമുള്ള എല്ലാ ഘടകങ്ങളും വര്‍ക്കൗട്ടില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. കാര്‍ഡിയോ എക്‌സസൈസുകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ കൃത്യമായ റസിസ്റ്റന്‍സ് വ്യായാമങ്ങളും ശീലമാക്കുക. ട്രെഡ്മില്‍ ഓട്ടമോ പാര്‍ക്കിലെ നടത്തമോ പോലെയുള്ളവയില്‍ മാത്രം ചെയ്യുന്നതില്‍ ഒതുങ്ങുന്ന വ്യായാമം ഒരിക്കലും വണ്ണം കുറയ്ക്കുന്നതില്‍ ഫലപ്രദമായി സഹായിക്കില്ല. കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ക്കൊപ്പം ഓരോ മസില്‍ ഗ്രൂപ്പിനെയും ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള റസിസ്റ്റന്‍സ് ട്രെയിനിങ് കൂടി ഉണ്ടായാലേ ഫാറ്റ് ലോസ് നടക്കൂ.

5. ഒരുമിച്ച് വ്യായാമം ചെയ്യാന്‍ ഇഷ്ടമുള്ള കൂട്ടുകാരെ കണ്ടെത്താം. പരസ്പരം മോട്ടിവേറ്റ് ചെയ്യുന്ന ഇത്തരം സൗഹൃദക്കൂട്ടങ്ങള്‍ വ്യായാമങ്ങള്‍ മുടങ്ങാതെ സഹായിക്കും. കുടുംബത്തില്‍ എല്ലാവരെയും ആരോഗ്യപരമായ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങളുടെ ശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button