തെന്മല: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ തെന്മല ഉറുകുന്ന് ഇന്ദിരാനഗർ രജനി വിലാസത്തിൽ രാജീവിന് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് പരാതി. രാത്രി മുതൽ താൻ അനുഭവിച്ച ക്രൂരമായ ശാരീരിക– മാനസിക പീഡനം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിനപ്പുറമാണെന്ന് അദ്ദേഹം പറയുന്നു. സംഭവത്തിൽ തെന്മല സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
‘കഴിഞ്ഞ ഫെബ്രുവരി 3ന് രാത്രി 9.30 നാണു ബന്ധു അസഭ്യം വിളിച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്നത്. എഴുതി തയാറാക്കിയ പരാതി കൈമാറി. ഇതു വായിച്ച ശേഷം ബന്ധുവിനെ ഫോണിൽ വിളിച്ച് രാവിലെ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു. പരാതി സ്വീകരിച്ചെന്നതിനു രസീത് സ്റ്റേഷനിലുള്ളവരോട് ആവശ്യപ്പെട്ടതോടെ തരാൻ പറ്റില്ലെന്ന് പറയുകയും ആക്ഷേപിക്കുകയും ചെയ്തു. രസീത് നൽകണമെന്നു വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഇൻസ്പെക്ടർ മുഖത്തടിച്ച ശേഷം വിലങ്ങുകൊണ്ടു ബന്ധിച്ച് സ്റ്റേഷനു പുറത്ത് നിർത്തി. അർധരാത്രിയോടടുത്താണ് അമ്മയെ വിളിച്ചു വരുത്തിയ ശേഷം വിട്ടയച്ചത്.
ഇൻസ്പെക്ടർക്ക് അബദ്ധം പറ്റിയതാണെന്നും പരാതിയൊന്നും നൽകരുതെന്നും ബന്ധുവിനെ നാളെ വിളിച്ചു താക്കീത് നൽകാമെന്നും പറഞ്ഞ് ഈ സമയം എസ്ഐ ഡി.ജെ. ഷാലു സമീപിച്ചു. ഇൻസ്പെക്ടറുടെ മർദനമേറ്റു മുഖത്ത് വേദന അനുഭവപ്പെട്ടതോടെ പിറ്റേന്നു പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോയി. ഒപി ടിക്കറ്റ് എടുക്കുന്ന സമയത്ത് എസ്ഐ ഡി. ജെ. ഷാലു എത്തി വലിച്ചിഴച്ചുകൊണ്ട് പൊലീസ് ജീപ്പിൽ കയറ്റി. കാര്യം തിരിക്കിയപ്പോൾ ഇൻസ്പെക്ടർക്കെതിരെ പരാതി നൽകിയാൽ ഇതായിരിക്കും ഗതിയെന്നായിരുന്നു മറുപടി.
ഞാൻ നൽകിയ പരാതിയിലെ പ്രതിയായ ബന്ധുവിനെ വിളിച്ചു വരുത്തി എനിക്കെതിരെ പരാതി എഴുതിവാങ്ങി. ഞാനാണ് അസഭ്യം പറഞ്ഞതെന്നു പരാതിയിൽ രേഖപ്പെടുത്തിയ ശേഷം എനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. വൈകുന്നേരം വരെ നിർത്തിയ ശേഷം വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. ഇൻസ്പെക്ടർക്കെതിരെ പരാതി നൽകിയാൽ റിമാൻഡ് ചെയ്യുമെന്നുള്ള ഭീഷണിപ്പെടുത്തിയതിനാൽ വേദനയുടെ കാര്യമൊന്നും ഡോക്ടറോടു പറഞ്ഞില്ല. ഇതോടെ വലിയ കേസൊന്നുമില്ലാതെ ജാമ്യം നൽകി വീട്ടിലേക്ക് വിട്ടു’ – രാജീവ് പറഞ്ഞു.
Post Your Comments