ദോഹ: പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ. മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം ഖത്തറിൽ നടപ്പാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽസുലൈത്തി വ്യക്തമാക്കി. കാർബൺ പ്രസരണം കുറയ്ക്കാൻ പൊതുഗതാഗത സംവിധാനത്തിന്റെ 30 ശതമാനവും പരിസ്ഥിതി സൗഹൃദവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരക്ക് ഗതാഗതം, ഉൽപന്ന വിതരണം, സൈക്കിളുകൾ മുതൽ വിമാനങ്ങൾ വരെയുള്ള എല്ലാത്തരം ഗതാഗതവും പൊതുഗതാഗതത്തിൽ ഉൾപ്പെടും. ഖത്തർ ദേശീയ ദർശന രേഖ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് ഗതാഗത മേഖലയെ ബന്ധിപ്പിച്ചിരിക്കുന്നത്. ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കുംമെന്നും അദ്ദേഹം അറിയിച്ചു.
2022 ഫിഫ ഖത്തർ ലോകകപ്പിനു മുൻപും 2023 ന്റെ തുടക്കത്തിലുമായി വലിയ പദ്ധതികൾ നടപ്പാക്കാനാണ് ഖത്തർ പദ്ധതിയിടുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിയും 2022 രണ്ടാം പാദത്തിനകം പൂർത്തിയാക്കും. ഖത്തർ ലോകകപ്പിന് എത്തുന്ന സന്ദർശകരുടെ ആധിക്യം കണക്കിലെടുത്ത് ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങൾ രണ്ടും സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments