കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത സുഹൃത്തായ മാദ്ധ്യമ പ്രവര്‍ത്തകന്‍ കുടുങ്ങുമെന്ന് സൂചന. പോലീസ് ഉടന്‍ ഇയാളെ ചോദ്യം ചെയ്യും. മോന്‍സനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാണ് ഈ മാദ്ധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നത്. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് ഇയാള്‍ കൂട്ടുനിന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കം. മോന്‍സന്റെ വീഡിയോകളുടെ ക്രിയേഷന്‍ ഈ മാദ്ധ്യമപ്രവര്‍ത്തകനാണ്. ഇദ്ദേഹം മോന്‍സന്റെ പബ്ലിക് റിലേഷന്‍സിന്റെ ചുമതലകൂടി വഹിച്ചിരുന്നു. മോന്‍സന്റെ തട്ടിപ്പുകളുടെ യഥാര്‍ത്ഥ ചിത്രമറിയാന്‍ ഇയാളെ ചോദ്യം ചെയ്തേ പറ്റുവെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
ചെമ്പോല തിട്ടൂരത്തിലും വ്യക്തത വരാന്‍ മാദ്ധ്യമപ്രവര്‍ത്തകനെയും മോന്‍സനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മോന്‍സന്‍ വ്യാജമായി നിര്‍മ്മിച്ച ചെമ്പോലയാണോ ഇത് അതല്ലെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തകനും കൂടി ചേര്‍ന്ന് നിര്‍മ്മിച്ചതാണോ എന്നറിയാനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരിക.
അതിനിടെ ഇയാളെ ചോദ്യം ചെയ്യുന്നതിന് തടയിടാന്‍ ചില നീക്കങ്ങളും നടക്കുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
Post Your Comments