ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഒരു മണിക്കൂറിനിടെ നടന്ന മൂന്നു ഭീകരാക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മഖന്‍ ലാല്‍ ബിന്ത്രോ, മുഹമ്മദ് ഷാഫി, ബീഹാര്‍ സ്വദേശിയായ വീരേന്ദ്ര പസ്വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഭീകരാക്രമണങ്ങളും മൂന്ന് സ്ഥലങ്ങളിലാണ് നടന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീനഗറില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായത്.
വൈകീട്ട് 7.25 ഓടെ ശ്രീനഗറിലെ ഇഖബാല്‍ പാര്‍ക്ക് ഷേര്‍ഗാരിയില്‍ ആയിരുന്നു ആദ്യ ആക്രമണം. കാശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ ബിന്ത്രോയെ ഭീകരര്‍ കടയില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ഭീകരാക്രമണം നടന്നത് രാത്രി 8.15 ഓടെ മദീന ചൗക് ലാല്‍ബസാറിലായിരുന്നു. ബീഹാര്‍ സ്വദേശിയായ വീരേന്ദ്ര പസ്വാനാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
തുടര്‍ന്ന് ബന്ദിപ്പോറയിലെ ഷാഗുണ്ട് പ്രദേശത്തായിരുന്നു മൂന്നാമത്തെ ഭീകരാക്രമണം നടന്നത്. കാബ് ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഷാഫിയെ ഭീകരര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. കാശ്മീരില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
Post Your Comments