കുറവിലങ്ങാട്: 82 കാരിയായ ഭാര്യയെ അടിച്ചുകൊന്ന കേസിൽ 86 കാരനായ ഭർത്താവിന്റെ മൊഴി പുറത്ത്. രോഗം ബാധിച്ച ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിക്കുന്നില്ലായിരുന്നെന്നും ഭർത്താവ് മൊഴി നൽകി. കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ രാത്രി കിടപ്പുമുറിയിൽ വച്ച് ഊന്നുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മോനിപ്പള്ളി ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടി അറസ്റ്റിലായത്. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും രാമൻകുട്ടി പൊലീസിനോടു പറഞ്ഞു.
അതേസമയം ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണത്തെ പറ്റിയുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് രാമൻകുട്ടി പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയത്. രാമൻകുട്ടിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പാലാ സബ്ജയിലിൽ കഴിയുന്ന പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വൈദ്യസഹായം ലഭ്യമാക്കി.
തിങ്കൾ പുലർച്ചെയാണ് ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാപ്പിച്ചെടിയുടെ കമ്പു കൊണ്ടുള്ള ഊന്നുവടി കൊണ്ട് ഭാരതിയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിയേറ്റതായും മുഖത്തിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ആഴത്തിലുണ്ടായ മുറിവും ഭാരതിയുടെ ആരോഗ്യ പ്രശ്നങ്ങളും മരണത്തിനു കാരണമായി. സംഭവത്തെ തുടർന്ന് തുടർന്ന് രാമൻകുട്ടി വീടിനു പിൻഭാഗത്തെ കിണറ്റിൽ ചാടിയെങ്കിലും രക്ഷപ്പെടുത്തി. ഭാരതിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments