ThiruvananthapuramLatest NewsNews

ഇന്ധനത്തിനൊപ്പം സിമന്‍റ് വിലയും കുതിക്കുന്നു: ഒരു ചാക്ക് സിമന്‍റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം

തിരുവനന്തപുരം: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടും റിയല്‍എസ്റ്റേറ്റ് രംഗത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം. സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ വില വന്‍തോതില്‍ വര്‍ധിച്ചതാണ് നിലവിലെ പ്രധാനപ്രശ്‌നമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു.
രണ്ടു ദിവസത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 125 രൂപയോളമാണ് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം.

Also Read: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി: സ്ത്രീകൾക്കെതിരെ അധിക്ഷേപം ഉയർന്നാൽ കർശന നടപടി സ്വീകരിക്കും

കമ്പനികൾ സിമന്‍റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്‍റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങൾക്ക് മുമ്പ് ഇതുയർന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്പനികൾ വിലകൂട്ടുമ്പോൾ പൊതുമേഖല സ്ഥാപനമായ മലബർ സിമന്‍റും വില ഉയർത്താൻ നിർബന്ധിതരാകും.

വാർക്കക്കമ്പി ഉൾപ്പെടെയുള്ള ഉരുക്ക് ഉൽപന്നങ്ങൾക്ക് കഴിഞ്ഞ ലോക്ഡൗൺ കാലത്തെ അപേക്ഷിച്ച് കിലോയ്ക്ക് 25 രൂപ വരെ വർധനയുണ്ട്. ഇതു കിലോയ്ക്ക് 70 രൂപ കടന്നു. കഴിഞ്ഞ വർഷം തുടക്കത്തിൽ 45 രൂപയായിരുന്നു. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടു നിർമിക്കാൻ 500 ചാക്കു സിമന്റും 4 ടൺ കമ്പിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. നിർമാണത്തിന് ആവശ്യമായ പാറപ്പൊടിക്കും കരിങ്കല്ലിനും പ്ലമിങ് ഉൽപന്നങ്ങൾക്കും വില കൂടിയിട്ടുണ്ട്. അതേസമയം, സിമന്‍റ് വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി വില ഏകീകരണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button