കുവൈത്ത് സിറ്റി: പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. കുവൈത്തിൽ വാക്‌സിനേഷൻ വിവരങ്ങൾ ചോദിച്ച് ഫോൺകോളുകൾ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകൾക്കെതിരെയാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാക്‌സിനേഷൻ വിവരങ്ങൾ ചോദിച്ച് തങ്ങൾ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ ചിലർ സ്വദേശികളെയും പ്രവാസികളെയും ബന്ധപ്പെട്ട് അവരുടെ വിവരങ്ങൾ അന്വേഷിക്കുന്നുവെന്നും ഇത് വ്യാജമാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വാക്‌സിനെടുത്ത ചിലരുടെ മൊബൈൽ ഫോണിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പേരിലാണ് എസ്.എം.എസ് സന്ദേശം ലഭിച്ചത്. ചിലർക്ക് ഇത്തരത്തിലുള്ള ഫോൺ കോളുകളും ലഭിച്ചിരുന്നുവെന്നാണ് വിവരം. ഫോണിൽ വിളിക്കുന്നവർ വ്യക്തിവിവരങ്ങൾ നൽകാനാണ് ആവശ്യപ്പെടുന്നത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാനും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ലിങ്കുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ഫോണുകളിൽ നിന്ന് വിവരങ്ങൾ ചോർത്തപ്പെടാനും ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും വിദഗ്ധർ അറിയിച്ചു.
Post Your Comments