KeralaLatest NewsNews

കേസരി വാരികയുടെ അക്ഷര രഥയാത്രക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞത് തെറ്റ്

വിശ്വാസികളോട് ക്ഷമ ചോദിച്ച് പത്മശ്രീ അലി മണിക്ഫാന്‍

കോഴിക്കോട് : കേസരി വാരികയുടെ അക്ഷര രഥയാത്രയില്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പത്മശ്രീ അലി മണിക്ഫാന്‍. പരിപാടിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും മനസിലാക്കിയിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയില്ലെന്നും മണിക്ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : പ്ലസ് വൺ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്, വിശദീകരിച്ച് കെ കെ ശൈലജ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

‘കേസരി വാരികയുടെ അക്ഷര രഥയാത്രക്ക് കോഴിക്കോട് പന്തീരങ്കാവില്‍ നല്‍കിയ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്ത് ആരതി ഉഴിഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. ഈ പരിപാടിയില്‍ പങ്കെടുത്ത് ഇത്തരമൊരു ചടങ്ങ് നിര്‍വഹിക്കേണ്ടി വന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇതില്‍ പ്രയാസപ്പെടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുകയും എന്റെ അബദ്ധം ചൂണ്ടിക്കാണിച്ചവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു’.

‘ഞാന്‍ അടിയുറച്ച ഇസ്ലാമിക വിശ്വാസിയും കറകളഞ്ഞ ഏകദൈവത്വം അംഗീകരിക്കുന്ന വ്യക്തിയുമാണ്. ബഹുദൈവത്വപരമായ യാതൊന്നും വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉണ്ടാകാന്‍ പാടില്ലെന്നു തന്നെയാണ് എന്റെ നിലപാട്. ഈ വിവാദ സംഭവത്തില്‍ എനിക്ക് അബദ്ധം സംഭവിച്ചതാണ്. ഒരു ലൈബ്രറി ഉദ്ഘാടനം എന്നോ മറ്റോ ആണ് ഞാന്‍ വിചാരിച്ചത്. പൊതുവില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികളില്‍ കക്ഷി വ്യത്യാസമില്ലാതെ പങ്കെടുക്കുന്നതാണ് എന്റെ രീതി. ഇതും അങ്ങനെയേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ. അതിനപ്പുറം ഈ പരിപാടിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല’ .

‘പൊതുവില്‍ നിഷ്‌കളങ്കവും ശുദ്ധവും പോസിറ്റീവുമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന ആളാണ് ഞാനെന്ന് എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും ബോധ്യമുള്ളതാണല്ലോ. അതാണ് ഈ സംഭവത്തില്‍ എനിക്ക് വിനയായത്. വേദിയിലെത്തിയപ്പോഴാണ് എനിക്ക് പരിപാടി എന്താണെന്ന് മനസ്സിലായത്. അപ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു. സുഖമില്ലാതിരുന്നതിനാല്‍ ഭാര്യ കൂടെ ഉണ്ടായിരുന്നില്ല. സംഘാടകരുമായി ഫോണില്‍ സംസാരിച്ചതും ഞാനായിരുന്നു. ഭാര്യയായിരുന്നെങ്കില്‍ എല്ലാം ചോദിച്ചറിയുമായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പെട്ടന്ന് വിളക്ക് എന്റെ കൈയില്‍ തന്നപ്പോള്‍ മറുത്ത് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മാനസികമായും സാഹചര്യവശാലും ഞാനൊരു സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടുപോയി. എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് തന്നെ അറിയാത്ത ഒരവസ്ഥയായിരുന്നു അത്. എനിക്ക് മറുവശം പറഞ്ഞ് തന്ന് കൂടെ നില്‍ക്കാനും ആരുമുണ്ടായില്ല. സംഘാടകരോട് എതിര്‍പ്പ് പ്രകടിപ്പിച്ച് മാറി നില്‍ക്കാനും എനിക്ക് കഴിഞ്ഞില്ല. അതൊരു തെറ്റായിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്’.

‘എല്ലാ മനുഷ്യരും തെറ്റ് സംഭവിക്കാവുന്ന വരാണെന്നും അവരില്‍ ഉത്തമര്‍ പശ്ചാതപിക്കുന്നവരാണെന്നും’ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടല്ലോ. Humanum est errare എന്ന് ഫ്രഞ്ച് ഭാഷയിലും ഒരു ചൊല്ലുണ്ട്. ആ വിവാദ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, അല്ലാഹുവാണെ, എന്റെ മനസ്സില്‍ അണുമണി കളങ്കമോ, കാപട്യമോ, ഏകദൈവത്വത്തില്‍ പങ്കുചേര്‍ക്കലോ ഉണ്ടായിരുന്നില്ല. എങ്കിലും പ്രത്യക്ഷ കര്‍മ്മത്തിന്റെ പേരില്‍ ഞാന്‍ പശ്ചാത്തപിക്കുകയും എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു’.

‘മാത്രമല്ല, രാജ്യത്തിന്റെ മത-സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കുകയും മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിനെ തള്ളിക്കളയാനും വംശവെറിയേയും അക്രമങ്ങളെയും ചെറുക്കാനും നാം എല്ലാവരും രംഗത്ത്
വരികയും ചെയ്യേണ്ടതുണ്ട്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തോട് എനിക്ക് യാതൊരു വിധ മമതയോ, മൃദുസമീപനമോ ഇല്ല. മഹാത്മാഗാന്ധി, അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച സ്വപ്നങ്ങളും സൗഹാര്‍ദ്ദങ്ങളും സമാധാനവും സംരക്ഷിക്കാനും, പീഡിത ന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കാനും നമുക്ക് ബാധ്യതയുണ്ട്. നന്മകളില്‍ ഒരുമിച്ച് നിന്ന് മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു’.

അലി മണിക്ഫാന്‍
05.10.2021
പെരുമണ്ണ, കോഴിക്കോട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button