ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിക്ക് വേണ്ടി പ്രതികാരം ചെയ്യാനെത്തിയ ഗുണ്ടാ സംഘം പിടിയില്‍. സുനില്‍ തില്ലുവിന്റെ സംഘത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഗോഗി സംഘത്തിലെ 4 പേരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാന ജജ്ജര്‍ സ്വദേശികളായ അഞ്ജു (മോഹിത്ത് 23), സാഗര്‍ റാണ (24), സുമിത് (24) ,യുപി ലക്ഷ്മിപര് ഖേരി സ്വദേശി മിഥുന് (22) എന്നിവരാണ് പിടിയിലായത്.
രോഹിണി കോടതി സംഭവത്തിന് ശേഷം ഡല്‍ഹിയിലെ കീഴ് കോടതികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് ഗുണ്ടാ സംഘത്തിലെ നാലു പേര് പിടിയിലാകുന്നത്. സെപ്റ്റംബര്‍ 24ന് ആയിരുന്നു ഡല്‍ഹിയിലെ രോഹിണി കോടതിമുറിയിലെ വെടിവയ്പ്പില്‍ ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയും രാഹുലും ജഗ്ദീപും കൊല്ലപ്പെട്ടത്.
സുനില്‍ താജ്പുരിയുടെ തില്ലു ഗ്യാംങ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘം അഭിഭാഷക വേഷത്തിലാണ് കോടതിക്കുളളില്‍ കടന്നത്. ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ക്കുന്നതിനിടെ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. മൂന്ന് തവണയാണ് ഇവര്‍ ജിതേന്ദര്‍ ഗോഗിക്ക് നേരെ വെടി ഉതിര്‍ത്തത്. ഇതിന് പ്രതികാരമായി സുനില്‍ തില്ലുവിന്റെ സംഘത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട് എത്തിയവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
Post Your Comments