മുംബൈ : മുംബൈ ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. മുംബൈ തീരത്ത് ശനിയാഴ്ച രാത്രി നടന്ന റേവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്തു. അതേസമയം ആര്യന്‍ ഖാനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
ബോളിവുഡ്, ഫാഷന്‍, ബിസിനസ്സ് മേഖലകളില്‍ നിന്നുള്ള ആളുകളുമായി മൂന്ന് ദിവസത്തെ ‘സംഗീത യാത്രയ്ക്ക്’ പുറപ്പെടുന്ന മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ ശനിയാഴ്ച രാത്രി എന്‍സിബി റെയ്ഡ് നടത്തി. ക്രൂയിസില്‍ പിടിച്ചെടുത്ത നിരോധിത മയക്കുമരുന്ന് വസ്തുക്കളുടെ വിവരത്തെ അടിസ്ഥാനമാക്കിയാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ക്രൂയിസ് കപ്പലില്‍ ഒരു റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന്, സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം കപ്പലില്‍ കയറി തിരച്ചില്‍ നടത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് ദിവസത്തെ ക്രൂയിസ് യാത്രയില്‍ സംഘാടകര്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്ത പരിപാടിയുടെ വിശദാംശങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കപ്പല്‍ മുംബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ 4 ന് രാവിലെ 10 മണിക്ക് മടങ്ങേണ്ടതായിരുന്നു.
Post Your Comments