കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായത് പാക് സ്വദേശി തന്നെയാണെന്ന് സ്ഥിരീകരിച്ച് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. സുബീർ ദെറക്ഷാൻഡേ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറങ്കടലിൽ നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് പിടിച്ചെടുത്തത്. രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 25000 കോടി വരുമെന്ന് നേരത്തെ എൻസിബി അധികൃതർ വ്യക്തമാക്കിയിരുന്നു. 12000 കോടിയോളം രൂപ മൂല്യമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. വിശദമായ പരിശോധനയിലും കണക്കെടുപ്പിലുമാണ് 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായത്.
ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പോർട്ടുകളിലെ ലഹരി കടത്തു സംഘങ്ങളാണ് വ്യാപകമായി മദർ ഷിപ്പ് വഴി പാക്കറ്റുകളിലാക്കി ലഹരി കടത്ത് നടത്തുന്നതെന്നാണ് എൻസിബിയുടെ കണക്കുകൂട്ടൽ. മൂന്ന് മദർ ഷിപ്പുകളിലായി ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് തീരങ്ങളിലേക്കാണ് ഇവ നീങ്ങിയത്. ഇതിൽ ഒരു ഷിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
Post Your Comments