
മുംബൈ: കൊര്‍ഡേലിയ എന്ന ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കിംഗ് ഖാന്റെ മകന്‍ ആര്യന്റെ അറസ്റ്റോടെ ബോളിവുഡും താരങ്ങളും ഞെട്ടലിലാണ്. മിന്നല്‍ റെയ്ഡിലൂടെയാണ് ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലേയ്ക്ക് എന്‍സിബി സംഘം എത്തിയത്. ആര്‍ക്കും ഒരു സംശയം തോന്നാത്ത വിധത്തിലായിരുന്നു എന്‍സിബിയുടെ നീക്കങ്ങള്‍. ഇതിനെല്ലാം നേതൃത്വം നല്‍കിയത് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡയാണ്.
Read Also : ആര്യനെതിരെ ഡിജിറ്റല്‍ തെളിവ് : വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ട കേസില്‍ പഴുതടച്ച് എന്‍സിബിയുടെ നീക്കം
ഒട്ടേറെ താര ചക്രവര്‍ത്തിമാര്‍ അരങ്ങു വാഴുന്ന ബോളിവുഡിന് സമീര്‍ വാങ്കെഡ എന്ന പേര് ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സമീര്‍ വാങ്കെഡ എന്ന പേര് മുംബൈ സിനിമാ ലോകത്ത് മുഴങ്ങി കേട്ടത്. തുടര്‍ന്ന് ബോളിവുഡിനെ ഇളക്കി മറിച്ച് നടത്തിയ അന്വേഷണം, നടി റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിലേയ്ക്ക് വരെ എത്തി.
ഒടുവില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പലരും അറസ്റ്റിലായി. സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തിലാണ് എന്‍സിബി ഈ ഓപ്പറേഷനെല്ലാം നടത്തിയത്. ഇതോടെ ലഹരി മരുന്ന് കടത്ത് സംഘങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് പേടി സ്വപ്‌നമായി മാറി. ഇതിനിടെയാണ് കിംഗ് ഖാന്റെ മകനെയടക്കം എന്‍സിബി ലഹരി പാര്‍ട്ടിക്കിടയില്‍ നിന്ന് പിടികൂടിയത്.
2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സമീര്‍. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. എന്‍സിബിയില്‍ എത്തും മുമ്പ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍ഐഎ അഡീഷണല്‍ എസ്പി, ഡിആര്‍ഐ ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലെല്ലാം പ്രവര്‍ത്തിച്ചു.
2013ല്‍ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഗായകന്‍ മിക സിംഗിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു. എന്‍സിബിയില്‍ എത്തിയ ശേഷവും പേരും പെരുമയും നോക്കാതെ തന്നെ അദ്ദേഹം നടപടികള്‍ സ്വീകരിച്ചു. പ്രശസ്ത മറാഠി നടിയായ ക്രാന്തി രേദ്ഖറിനെയാണ് സമീര്‍ വാങ്കെഡെ വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം,ആഢംബര കപ്പലിലേയ്ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എന്‍സിബി സംഘം റെയ്ഡ് നടത്തിയത്.
Post Your Comments