കൊല്‍ക്കത്ത: ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്ന് മണ്ഡലങ്ങളിലും മുന്നേറി തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജി ജനവിധി തേടുന്ന ഭബാനിപൂര്‍ ഉള്‍പ്പെടെ സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലുള്ളത്. അതേസമയം മമത ബാനര്‍ജി ജയം ഉറപ്പിച്ചു കഴിഞ്ഞു. 45,738 വോട്ടുകള്‍ക്കാണ് നിലവില്‍ മമത ലീഡ് ചെയ്യുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജിയ്ക്ക് തുടരണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കണം.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്. ഭബാനിപൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ രംഗത്തില്ല. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. 50,000 വോട്ടിനുമേല്‍ ഭൂരിപക്ഷത്തില്‍ മമത വിജയിക്കുമെന്ന് നേരത്തെ തന്നെ തൃണമൂല്‍ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments