കൊല്‍ക്കത്ത: ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ഭബാനിപൂരില്‍ 58,832 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മമത ബാനര്‍ജി. വന്‍ വിജയത്തിന് ഭബാനിപൂരിലെ ജനങ്ങളോട് മമത നന്ദി അറിയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാള്‍ മമത ബാനര്‍ജിയോട് തോല്‍വി ഏറ്റുവാങ്ങി. ‘ഞാന്‍ എന്റെ തോല്‍വി മനോഹരമായി അംഗീകരിക്കുന്നു, മമതാ ബാനര്‍ജി 1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത് എന്നാല്‍ അവര്‍ക്ക് 50,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. മമതാ ബാനര്‍ജിയെ അഭിനന്ദിക്കുന്നു’ എന്ന് പ്രിയങ്ക തിബ്രേവാള്‍ പറഞ്ഞു. അതേസമയം സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്.
സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീജിബ് ബിശ്വാസാണ് മമതയ്‌ക്കെതിരെ മത്സരിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. ഭബാനിപൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ രംഗത്തില്ല. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. 50,000 വോട്ടിനുമേല്‍ ഭൂരിപക്ഷത്തില്‍ മമത വിജയിക്കുമെന്ന് നേരത്തെ തന്നെ തൃണമൂല്‍ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Post Your Comments