അബുദാബി: ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ യുഎഇയിലും കാലാവസ്ഥാ മാറ്റം ഉണ്ടാകാൻ സാധ്യത. യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച മുതൽ യുഎഇയുടെ കിഴക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ രാജ്യത്തെ ചില പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് കാരണമായി കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നും അൽ ഐൻ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് ചില മദ്ധ്യമേഖലാ പ്രദേശങ്ങളിലേക്കും കാലാവസ്ഥാ മാറ്റം വ്യാപിച്ചേക്കും. വ്യാപകമായി മഴ പെയ്യാനാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് രൂപപ്പെടാനും കാരണമായേക്കും. ശക്തമായ പൊടിക്കാറ്റ് രൂപപെടാനുള്ള സാധ്യതയുണുണ്ട്. അറേബ്യൻ ഗൾഫിൽ പൊതുവേ കടലുകൾ പ്രക്ഷുബ്ധമായിരിക്കും.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയെ കുറിച്ചും കാലാവസ്ഥാ മാറ്റങ്ങളും വിദഗ്ധർ അവലോകനം ചെയ്തു കൊണ്ടിരിക്കുകയാണ്.
Post Your Comments