KeralaLatest NewsNews

മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പിൽ ഭിന്നത: ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ഒളിച്ച് കളിച്ച് സർക്കാർ

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വനം വകുപ്പിലും അമർഷം പുകയുന്നത്.

വയനാട്: മുട്ടിൽ മരം മുറി കേസിൽ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ കീഴ് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്പെ‍ന്‍റ് ചെയ്ത ലക്കിടി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്ക്ക് കാരണം.

മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്‌. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഇറക്കിയ ഉത്തരവ് വനം വകുപ്പ് മന്ത്രി മരവിപ്പിച്ചതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. വനം വകുപ്പ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെതിരെ നടപടിയെടുക്കാതെ ഒളിച്ച് കളിക്കുന്ന സർക്കാരിന്‍റെ നടപടി ഇരട്ടതാപ്പാണിതെന്നാണ് ആരോപണം.

Read Also: ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് വനം വകുപ്പിലും അമർഷം പുകയുന്നത്. ഇതിനിടെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി. അതേസമയം, ക്രൈംബ്രാഞ്ച് കേസിൽ ജാമ്യം ലഭിച്ച അഗസ്റ്റിൻ സഹോദരങ്ങൾ വനം വകുപ്പ് കേസിൽ കൂടി അടുത്ത ദിവസം ബത്തേരി കോടതിയിൽ ജാമ്യാപേക്ഷ നൽകും.

shortlink

Related Articles

Post Your Comments


Back to top button