Latest NewsKeralaIndia

‘ഭാര്യയും3 കുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയില്‍’: കാപ്പന്റെ കേസില്‍ സര്‍ക്കാര്‍ കക്ഷിചേരണമെന്ന് ആവശ്യം

'സിദ്ദിഖ് കാപ്പന്‍ ഇന്‍ഡ്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണ്.'

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരണമെന്ന് ഐക്യദാര്‍ഢ്യ സമിതി. സ്വന്തം ജോലി നിറവേറ്റുന്നതിനിടയിലാണ് യു എ പി എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത് എന്ന് സമിതി ആരോപിച്ചു. അദ്ദേഹന്റെ
ഭാര്യയും മൂന്നു കുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ്. അവര്‍ രാഷ്ട്രീയഗൂഢാലോചനയുടെ ഇരകളാണ്. അവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും ഐക്യദാര്‍ഢ്യ സമിതി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോഴിക്കോട് നഗരത്തിലും കാപ്പന്റെ ജന്മനാട്ടിലും രണ്ട് യോഗങ്ങള്‍ നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഐക്യദാര്‍ഢ്യ സമിതി നേതാക്കള്‍ അറിയിച്ചു. അതേസമയം ഡെല്‍ഹിയില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഹത്രാസിൽ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെ യു പി പൊലിസ് യുഎപിഎ ചുമത്തി ജയിലിലടക്കുകയായിരുന്നു. എന്നാൽ കൂടെയുള്ളവരിൽ നിന്നും കാപ്പനിൽ നിന്നും കലാപത്തിന്റെ കോപ്പുകൂട്ടുന്ന തരത്തിലുള്ള ലഘു ലേഖകളും മറ്റു രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയതായാണ് യുപി പോലീസ് പറയുന്നത്.

കാപ്പന്റെ കേസില്‍ സര്‍കാര്‍ ഇടപെടുകയും കക്ഷിചേരുകയും കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായി യോജിച്ചുകൊണ്ട് ‘സിദ്ദിഖ് കാപ്പന് നീതി നല്‍കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 5ന് കാപ്പന്റെ ജന്മനാടായ മലപ്പുറത്തെ പൂച്ചോലമാട്ടിലും കോഴിക്കോട് നഗരത്തിലും വിപുലമായ രണ്ടു സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. മലപ്പുറം പരിപാടി അബ്ദുസ്സമദ് സമദാനി എം പിയും കോഴിക്കോട് പരിപാടി എം കെ രാഘവന്‍ എം പിയും ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒക്ടോബര്‍ 5ന് വൈകീട്ട് 4.30ന് നടക്കുന്ന പ്രതിഷേധയോഗത്തില്‍ റെയ്ഹാനത്ത് സിദ്ദിഖ് (സിദ്ദിഖ് കാപ്പന്റെ ഭാര്യ) എ വാസു, പി കെ പോക്കര്‍, ഡോ. ആസാദ്, അഡ്വ. പി കുമാരന്‍കുട്ടി, അഡ്വ. സാബി ജോസഫ്, എ സജീവന്‍, കെ യു ഡബ്ലിയു ജെ ഭാരവാഹികള്‍, ഐക്യദാര്‍ഢ്യസമിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ കാപ്പനെതിരെ കെട്ടിച്ചമച്ച കേസുകള്‍ ദുര്‍ബലവും വസ്തുതാവിരുദ്ധവുമാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയുണ്ടായി. ഹത്രാസില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പന്‍ അങ്ങോട്ട് പുറപ്പെട്ടത് എന്നതടക്കമുള്ള ചാര്‍ജുകള്‍ ഇതിനകം തന്നെ മഥുരയിലെ വിചാരണക്കോടതി റദ്ദാക്കിക്കഴിഞ്ഞു. എന്നാല്‍ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ ജാമ്യഹര്‍ജി ഹൈകോടതിയുടെ പരിഗണനയിലാണ്. സിദ്ദിഖ് കാപ്പന്‍ ഇന്‍ഡ്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി അടക്കം അംഗീകരിച്ച ‘മനസാക്ഷി തടവുകാരന്‍’ എന്ന നിലയിലുള്ള എല്ലാ പരിഗണനകള്‍ക്കും അതിനാല്‍ അദ്ദേഹം അര്‍ഹനുമാണ്’- ഐക്യദാര്‍ഢ്യ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാനായ എന്‍ പി ചെക്കുട്ടി, സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്, ഐക്യദാര്‍ഢ്യ സമിതി അംഗങ്ങളായ റെനി ഐലിന്‍, അംബിക എന്നിവര്‍ പങ്കെടുത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button