
അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി അടയുമെന്ന് പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് വീട്ടുതടങ്കലിൽ. ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി നടത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം. സരയുവിലേക്ക് പോകുന്നത് യു.പി പൊലീസ് തടഞ്ഞതോടെ, പാത്രത്തില്‍ കൊണ്ടുവന്ന നദിയിലെ വെള്ളം മൂക്കിലൊഴിച്ച് മരിക്കുമെന്ന് ആചാര്യ മഹാരാജ് അറിയിച്ചു. കന്നാസില്‍ വെള്ളവുമായി നില്‍ക്കുന്ന സന്യാസിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
‘ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധി നടത്തുമെന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഭരണകൂടം എന്നെ വീട്ടുതടങ്കലിലാക്കി. പക്ഷേ വീട്ടുതടങ്കലിലാണെങ്കിലും ഞാന്‍ സരയു വെള്ളം കൊണ്ടുവന്നതിനാല്‍ ജലസമാധി എടുക്കും. നമുക്ക് നോക്കാം. ദൈവഹിതമുണ്ടെങ്കില്‍, ഞാന്‍ വിജയിക്കും. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലേ ഇന്ത്യ രക്ഷിക്കപ്പെടുകയുള്ളൂ’ ആചാര്യ പറഞ്ഞു.
ജലസമാധിക്കുള്ള ഒരുക്കങ്ങള്‍ അയോധ്യയില്‍ നേരത്തെ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേര്‍ ആചാര്യ മഹാരാജിന്‍റെ ആശ്രമത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. മുമ്പ് ചിതയൊരുക്കി സമാനമായ ഭീഷണി മഹാരാജ മുഴക്കിയിരുന്നു.
Post Your Comments