ഇടുക്കി : ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന മോള്‍. ആരോരുമില്ലാത്ത കുടുംബം. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും പരസ്പരം താങ്ങായി ജീവിച്ചുവന്നവര്‍. മകളെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കണ്ട ആ അമ്മയ്ക്ക് മകളുടെ കൊലപാതകം വിശ്വസിക്കാനായിട്ടില്ല. മകളും അമ്മയും മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് രാവിലെ ഏഴുമണിക്ക് ഇരുവരും ഒന്നിച്ചാണ് ഇറങ്ങിയിരുന്നത്. മകള്‍ കേളേജിലേക്കും അമ്മ ചികിത്സ സംബന്ധമായ കാര്യത്തിനും പോകുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് തിരിച്ചുപോകാറുമുണ്ടായിരുന്നത്.
തയ്യല്‍ ജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. പിതാവ് വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്താറുള്ളത്. ഇയാളെ കുറിച്ച് കാര്യമായ വിവരമില്ല. പ്രളയത്തില്‍ തകര്‍ന്ന വീട് ജോയി ആലുക്കാസ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. പ്രാരാബ്ദങ്ങള്‍ക്കിടയിലും മകളെ പഠിപ്പിച്ച് നല്ല ജോലിക്കാരിയാക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. ഒന്നിനും കുറവ് വരാതെ നോക്കുകയും ചെയ്തു.
മകളുടെ ദാരുണ മരണമറിഞ്ഞ ബിന്ദു സമനില തെറ്റിയതുപോലെ പെരുമാറുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ആര്‍ക്കും അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല. ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്ന നിധിന നാട്ടില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
അതേസമയം, കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും.
Post Your Comments