KeralaLatest NewsNews

സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായുളള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഇത് ഒരു പ്രധാന കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍ ആരംഭിച്ചു. ന്യൂമോകോക്കല്‍ രോഗത്തിനെതിരെയുളള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഇന്ന് മുതല്‍ നല്‍കി തുടങ്ങിയത്. ഇതിന്റെ സംസ്ഥാനതല വാകസിനേഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ തൈക്കാട് ആശുപത്രിയില്‍ ആരംഭിച്ചു. മറ്റു ജില്ലകളില്‍ അടുത്ത വാകസിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകും.

‘ഒന്നര മാസം പ്രായമുളള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്നതിനുളള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ആദ്യ ഡോസ് എടുത്തതിന് ശേഷം മൂന്നര മാസത്തിലും, 9 മാസത്തിലുമാണ് വാക്‌സിന്‍ നല്‍കേണ്ടത്. ഈ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 55,000 ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുളളില്‍ 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും’- മന്ത്രി വ്യക്തമാക്കി.

Read Also: അടച്ച നികുതി കണക്കിലില്ല: തിരുവനന്തപുരം ന​ഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്

ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഇത് ഒരു പ്രധാന കാരണമാണെന്ന് കണ്ടെത്തിയിരുന്നു. ചുമ, കഫക്കെട്ട്, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ പരിശീലനം നല്‍കിയ ശേഷമാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button