
കോഴിക്കോട്: ഒരു ചിത്രകാരിയെന്ന നിലയിൽ പരിശീലനം നേടിയിട്ടില്ലാത്ത 28 കാരിയായ ജസ്ന കഴിഞ്ഞ ആറ് വർഷമായി വരച്ചത് അഞ്ഞൂറിലേറെ ശ്രീകൃഷ്ണ ചിത്രങ്ങൾ. മുസ്ലിം കുടുംബത്തിൽ ജനിച്ച ജസ്ന കൃഷ്ണന്റെ കഥകൾ കേൾക്കുകയോ ചിത്രങ്ങൾ കാണുകയോ ചെയ്തിരുന്നില്ല. കൃഷ്ണനെക്കുറിച്ചുള്ള ടിവി സീരിയലുകൾ പോലും താൻ കണ്ടിട്ടില്ലെന്നും തികച്ചും യാദൃശ്ചികമായാണ് ശ്രീകൃഷ്ണനെ വരയ്ക്കാൻ തുടങ്ങിയതെന്നും ജസ്ന പറഞ്ഞു.
താമരശ്ശേരി പൂനൂർ സ്വദേശികളായ മജീദിന്റെയും സോഫിയയുടെയും മൂന്ന് പെൺമക്കളിൽ ഇളയ മകളാണ് ജസ്ന. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും കണ്ണാ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നതെന്നും എന്നാൽ അത് ശ്രീകൃഷ്ണന്റെ പേരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജസ്ന പറഞ്ഞു. വിവാഹശേഷം കൊയിലാണ്ടിയിലെത്തിയപ്പോൾ കമ്മ്യൂണിസ്റ്റായ ഭർത്താവ് സലിമാണ് കണ്ണൻ ശ്രീകൃഷ്ണൻ ആണെന്ന് പറഞ്ഞു തന്നതെന്നും ജസ്ന പറയുന്നു.
ഗർഭിണിയായിരുന്ന സമയത്ത് ബെഡ് റെസ്റ്റിലായിരുന്ന താൻ വീട്ടിൽ ആരോ കൊണ്ടുവന്ന കടലാസിൽ വെണ്ണ തിന്നുന്ന ഭഗവാൻ കൃഷ്ണന്റെ ചിത്രം കാണുകയും അത് കണ്ടപ്പോൾ, അത്തരമൊരു ചിത്രം വരയ്ക്കാൻ തോന്നുകയും ആയിരുന്നു എന്ന് ജസ്ന പറഞ്ഞു. ആ ചിത്രം പൂർത്തിയാക്കിയപ്പോൾ ഭർത്താവ് സലീം അഭിനന്ദിച്ചു. തുടർന്ന് ഭർത്താവിന്റെ നിർദ്ദേശ പ്രകാരം കുടുംബസുഹൃത്തുക്കളായ ഒരു ഹിന്ദു കുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.
തന്റെ പെയിന്റിംഗ് അവരുടെ വീട്ടിൽ വെച്ചതിന് ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം പലരോടും പറഞ്ഞു. തുടര്‍ന്ന് ശ്രീകൃഷ്ണ ചിത്രങ്ങൾക്ക് വേണ്ടി പലരും തന്നെ സമീപിക്കുകയായിരുന്നു എന്നും ജസ്ന പറയുന്നു. ഒരു വർഷം രണ്ടു തവണ വീതം ജസ്ന ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണ ചിത്രങ്ങൾ സമ്മാനിക്കാറുണ്ട്. ഇതിനിടയിൽ, ചിലർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെയിന്റിംഗ് നിർത്താൻ ഭർത്താവ് ആവശ്യപ്പെട്ടു. പിന്നീട് നിരവധിയാളുകൾ ജസ്നയുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് വരയ്ക്കുന്നത് തുടരാൻ അദ്ദേഹം തന്നെ പ്രോത്സാഹനം നൽക്കുകയായിരുന്നു.
Post Your Comments