തിരുവനന്തപുരം: സംസ്ഥാനത്ത് മോണ്‍സണ്‍ മാവുങ്കലും പുരാവസ്തു തട്ടിപ്പും വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും അവധിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റയും മോണ്‍സണ്‍ മാവുങ്കലും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചതായാണ് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നതെന്നുമാണ് ലോക്നാഥ് ബെഹ്റ നല്‍കിയ വിശദീകരണം. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം ബെഹ്റ മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ലെന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോണ്‍സണ്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന് വിവരം പുറത്തുവന്നത്.
ലോക്നാഥ് ബെഹ്റക്ക് മോണ്‍സണ്‍ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. മോണ്‍സണൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ബീറ്റ് ബുക്ക് മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. ഇതോടെ ഇത് പൊലീസ് എടുത്തുമാറ്റുകയായിരുന്നു.
Post Your Comments