കോഴിക്കോട്: വീട്ടിലെ അജ്ഞാത ശബ്ദത്തിന്റെ കാരണം കണ്ടെത്തി വിദഗ്ദ സംഘം. പോലൂര് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ അജ്ഞാത ശബ്ദത്തിന്റെ കാരണം ഭൂമിക്കടിയിലെ മര്‍ദ വ്യത്യാസത്തിലുണ്ടാകുന്ന വ്യതിയാനമാകാമെന്ന് പ്രാഥമിക നിഗമനം. ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി വിദഗ്ദ സംഘം വീടും സ്ഥലവും പരിശോധിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന് ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പരിശോധന നടന്നത്.
ശബ്ദത്തിന് കാരണം സോയില്‍ പൈപിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മര്‍ദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജി ശങ്കര്‍ പറഞ്ഞു. സമീപത്തെ വീട്ടിലെ കിണറുകള്‍, ചുമരിലെ വിള്ളലുകള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു. മൂന്നാഴ്ച മുന്‍പാണ് വീട്ടില്‍നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പകല്‍ സമയത്തും വീട്ടില്‍ നിന്നും അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന് ആറുമാസം മുമ്പാണ് മേല്‍നില പണിതത്. രണ്ടാം നില നിര്‍മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി. ഇത് പ്രേത ബാധയാണെന്നുള്ള അഭ്യൂഹങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ പടര്‍ന്നത്. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് വിദഗ്ദ സംഘം പ്രാഥമിക റിപോര്‍ട് പുറത്തുവിട്ടത്.
Post Your Comments